പറവൂര്‍: ആദ്യ കുറ്റപത്രം ഉടന്‍

Webdunia
വെള്ളി, 22 ജൂലൈ 2011 (09:50 IST)
PRO
PRO
പറവൂര്‍ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ആദ്യം കുറ്റപത്രത്തില്‍ ആറു പ്രതികളായിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. പറവൂര്‍ പെണ്‍‌വാണിഭത്തില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനകളുണ്ട്. വിദേശത്തുള്ള ഡോക്ടര്‍ ഹാരി, തൃശൂരിലെ ആശുപത്രി ഉടമ ജലീല്‍ എന്നീ പ്രതികള്‍ ഉടന്‍ കീഴടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് സുധീര്‍ തന്നെയാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കായി കാഴ്ചവച്ചത്. 2009 മേയ്‌ മുതല്‍ 2011 ജനുവരി വരെയാണ്‌ താന്‍ പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇരുന്നൂറോളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് സൂചന. മറ്റ് പല പെണ്‍‌വാണിഭക്കേസുകളിലും പ്രതികളായ നിരവധി ഇടനിലക്കാര്‍ ഈ കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പിടിയിലാകുന്നവരെ തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി തിരിച്ചറിയുന്നുമുണ്ട്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ഒരു സിനിമാ സംവിധായകനെ കാണാനെന്ന് പറഞ്ഞ് പിതാവ് തന്നെ കൊച്ചിയിലേക്ക് കൊണ്ടുപോയതെന്നും എന്നാല്‍ അവിടെ ഹോട്ടലില്‍ കാത്തിരുന്ന ഒരാള്‍ക്ക് തന്നെ കാഴ്ചവയ്ക്കുകയാണ് പിതാവ് ചെയ്തതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ക്രൂരമായി പെരുമാറിയവരുണ്ട്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇടനിലക്കാര്‍ ഉണ്ട്. ചിലര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു.

അനുസരണക്കേട് കാണിച്ചാല്‍ പാലത്തില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുമെന്ന് പറഞ്ഞ് പിതാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സഹോദരനെ ഫാനില്‍ തലകീഴായി തൂക്കിയും തന്നെ അനുസരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പെണ്‍കുട്ടി പറയുന്നു. ഒരിക്കല്‍ ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അമ്മയുടെ നിസ്സഹായതയെക്കുറിച്ചും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍, സുഖവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ കൊണ്ടുപോയിട്ടുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടി ഈ സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തെടുത്തു.

എല്ലാറ്റിനും ഒടുവിലായി തനിക്ക് ഇനിയും പഠിക്കണമെന്ന് ആഗ്രഹവും പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചിട്ടുണ്ട്.