പര്‍വീസ് മികച്ച ചിത്രം, ഫിപ്രസി പുരസ്കാരം കന്യക ടാക്കീസിന്

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2013 (20:47 IST)
PRO
പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച ചിത്രമായി ഇറാനിയന്‍ ചിത്രമായ പര്‍വീസ് തെരഞ്ഞെടുക്കപ്പെട്ടു. മജീദ്‌ ബര്‍സേഗര്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് 15 ലക്ഷം രൂപയും ശില്‍പ്പവുമാണ് സമ്മാനമായി ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമ്മാനിച്ചു. വിഖ്യാത സംവിധായകന്‍ കിം കി ഡുക് അടക്കമുള്ള പ്രമുഖര്‍ സമാപനവേദിയിലുണ്ടായിരുന്നു.

മികച്ച വിദേശ ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് അര്‍ജന്‍റീനിയന്‍ സിനിമയായ ഇറാറ്റ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഇറാറ്റ ഒരുക്കിയ ഇവാന്‍ വെസ്കോവയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം കെ ആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് നേടി.

നെറ്റ്പാക്‌ പുരസ്കാരം കമലേശ്വര്‍ മുഖര്‍ജിയുടെ മേഘാ ധാക്കാ താരാ സ്വന്തമാക്കി. മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ്പാക്‌ പുരസ്കാരം പി പി സുദേവന്‍ സംവിധാനം ചെയ്ത ക്രൈം നമ്പര്‍ 89 നേടി.

ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത മലയാള ചിത്രം 101 ചോദ്യങ്ങള്‍ സ്വന്തമാക്കി.