പനി പടരുന്നു: സംസ്ഥാനത്ത് എട്ടുമരണം കൂടി

Webdunia
വ്യാഴം, 24 ജൂണ്‍ 2010 (10:13 IST)
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നു. ഇന്നലെ സംസ്ഥാനത്ത് എച്ച് 1 എന്‍ 1പനിയും ന്യൂമോണിയയും ബാധിച്ച് ഇന്നലെ എട്ടു പേര്‍ കൂടി മരിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട്‌ ഭരതന്നൂര്‍ കൈതപ്പച്ച സുനിമന്ദിരത്തില്‍ വാസുദേവന്‍പിള്ള (65), ആറ്റിങ്ങല്‍ ഇളമ്പ കോണത്തുവീട്ടില്‍ പ്രഭാകരന്‍ നായര്‍ (75), കോട്ടയം എലിക്കുളം മടുക്കക്കുന്ന്‌ പടികപ്പള്ളില്‍ മോഹനന്‍ ആചാരിയുടെ ഭാര്യ രാധാമണി (42) അങ്കമാലി കറുകുറ്റി കാരപ്പിള്ളി ജോണിയുടെ ഭാര്യ മേഴ്സി (49), കൊയിലാണ്ടി മൂഴിക്ക്‌ മീത്തല്‍ അംബേദ്കര്‍ കോളനിയില്‍ അരീക്കര മീത്തല്‍ ശ്രീജിത്തിന്‍റെ ഭാര്യ ശ്രീസായി (22) എന്നിവര്‍ പനിബാധിച്ചും ലൂക്കീമിയ ചികില്‍സയിലായിരുന്ന മലപ്പുറം മേല്‍മുറി പൊടിയാട്‌ കൊടക്കാടന്‍ അഷ്‌റഫിന്‍റെ മകന്‍
മുഹമ്മദ്‌ മുസ്ഫിര്‍ (ഏഴ്‌) എച്ച്‌1 എന്‍1 പനിയെത്തുടര്‍ന്നും ന്യുമോണിയ ലക്ഷണങ്ങളോടെ കോട്ടയം തിരുവാര്‍പ്പ്‌ ചെങ്ങളം മഠത്തിപ്പറമ്പില്‍ വര്‍ഗീസ്‌ (72), കാസര്‍കോട്‌ കുമ്പഡാജെയിലെ അച്യുതന്‍റെ മകന്‍ അഭിഷേക്‌ (അഞ്ച്‌) എന്നിവരുമാണു മരിച്ചത്‌.

12,416 പേര്‍ ഇന്നലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധയെ തുടര്‍ന്ന് ചികില്‍സ തേടി. ഇതില്‍ 48 പേര്‍ക്ക്‌ എച്ച്‌1 എന്‍1 ആണെന്നു കണ്ടെത്തി. 26 പേര്‍ക്കു ഡെങ്കിപ്പനിയും ആറുപേര്‍ക്ക്‌ എലിപ്പനിയും ആറുപേര്‍ക്കു മലമ്പനിയുമാണ്‌. എച്ച്‌1 എന്‍1 ബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്‌ ഇങ്ങനെയാണ്. തിരുവനന്തപുരം - 16, കൊല്ലം - മൂന്ന്‌, പത്തനംതിട്ട - ഒന്ന്‌, തൃശൂര്‍ - മൂന്ന്‌, മലപ്പുറം - അഞ്ച്‌, കോഴിക്കോട്‌ - 11, കാസര്‍കോട്‌ - ഒന്‍പത്‌.