പത്രികാപരിശോധന പൂര്‍ത്തിയായി

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (20:07 IST)
ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു. കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളിലെ സൂക്ഷ്മപരിശോധനയാണ്‌ ഇന്ന്‌ നടന്നത്‌.

തിങ്കളാഴ്ചയായിരുന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ രണ്ടിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

പ്രധാന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശകപത്രികകള്‍ ഒന്നും തള്ളിപ്പോയിട്ടില്ല. നാമനിര്‍ദേശപത്രികകളില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ തള്ളപ്പെടും എന്നതിനാല്‍ പ്രധാന പാര്‍ട്ടികളുടെ മിക്ക സ്ഥാനാര്‍ത്ഥികളും ഒന്നിലധികം നാമനിര്‍ദ്ദേശപത്രികകള്‍ നല്‍കിയിരുന്നു.

എന്നാല്‍ പലയിടങ്ങളിലും സ്വതന്ത്രന്മാരുടെയും, അപരന്മാരുടെയും പത്രികകള്‍ തള്ളിപ്പോയിട്ടുണ്ട്. കോട്ടയത്ത്‌ ഒന്നും ആലപ്പുഴയില്‍ അഞ്ചും മാവേലിക്കരയില്‍ രണ്‌ടും ആറ്റിങ്ങലില്‍ രണ്‌ടും തിരുവനന്തപുരത്ത്‌ ഒന്നും പത്രികകള്‍ ആണ് തള്ളിയിരിക്കുന്നത്.

അതേസമയം, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന്‍റെ പത്രികയിലെ സൂക്ഷ്‌മപരിശോധന പൂര്‍ത്തിയായിട്ടില്ല.

പത്രികയില്‍ കൂടുതല്‍ പരിശോധന ആവശ്യമുള്ളതുകൊണ്‌ടാണ്‌ സൂക്ഷ്‌മപരിശോധന മാറ്റി വച്ചിരിക്കുന്നത്‌. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്തുവിവരത്തിനെതിരെ ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കൂടുതല്‍ പരിശോധന വേണ്ടതിനാല്‍ കെ സുധാകരന്‍റെ പത്രിക പരിശോധിക്കുന്നത് മാറ്റുകയായിരുന്നു.