പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. അമിക്കസ് ക്യൂറിയെ വിമര്‍ശിച്ചതിനാണ് കോടതി പരാമര്‍ശം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രാചാരങ്ങളില്‍ ഇടപെടുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സത്യവാങ്മൂലം തള്ളുമെന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് രാജകുടുംബാംഗം രാമവര്‍മ്മ ഹര്‍ജി പിന്‍വലിച്ചു.
കോടതിയെ സഹായിക്കാന്‍ നിയമിച്ച അമിക്കസ് ക്യൂറി സ്വയം കമ്മീഷനായി പ്രവര്‍ത്തിച്ചെന്നും ദൈനംദിന കാര്യങ്ങളില്‍ ഇടപ്പെട്ടെന്നും രാജകുടുംബം ആരോപിച്ചിരുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പൂര്‍ണാധികാരം ഭരണ സമിതിക്കാണെന്ന് രാമവര്‍മ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണ സമിതി ഏതെങ്കിലും ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അമിക്കസ് ക്യൂറിക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയൂ.
ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതിന് കോടതിക്കു പോലും പരിമിതിയുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം കേസില്‍ സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂല്യനിര്‍ണയ സമിതിയുടെ ആവശ്യങ്ങളും ആശങ്കകളും അറിയിക്കാനുള്ള അമിക്കസ് ക്യൂറി ക്ഷേത്രകാര്യങ്ങളില്‍ ഇടപെടുന്നത് വിലക്കണമെന്നും മാര്‍ത്താണ്ഡ വര്‍മയും രാമവര്‍മയും നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.