പടക്കശാലയിലെ അപകടം: ഒരു ലക്ഷം ധനസഹായം

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (09:55 IST)
പാലക്കാട് തൃത്താലയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. റവന്യുമന്ത്രി കെ പി രാജേന്ദ്രനണ് ഇക്കാര്യം അറിയിച്ചത്.

ആര്‍ ഡി ഒയുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തും. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. കൂടാതെ, പരുക്കേറ്റവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലായിരുന്നു. പരിക്കേറ്റ അഞ്ചുപേരെ സമീപത്തുള്ള സ്വകാ‍ര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഷൊര്‍ണൂര്‍ ഡി വൈ എസ് പി പുഷ്‌കരന്‍ അറിയിച്ചു. കാവശ്ശേരി സ്വദേശികളായ ഉണ്ണിക്കൃഷ്‌ണന്‍, കൃഷ്‌ണകുമാര്‍, കുമരനല്ലൂര്‍ സ്വദേശി ശശി, ആലൂര്‍ സ്വദേശി സുന്ദരന്‍, തൃത്താല സ്വദേശി കാളിദാസന്‍ എന്നിവരാണ് മരിച്ചത്.