ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരെ സ്പീക്കര്‍

Webdunia
വെള്ളി, 12 ഏപ്രില്‍ 2013 (09:41 IST)
PRO
PRO
ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. പല ന്യൂജനറേഷന്‍ സിനിമകളും കുട്ടികളെ വഴിതെറ്റിക്കുന്നവയാണെന്ന്‌ കാര്‍ത്തികേയന്‍ അഭിപ്രയാപ്പെട്ടു. ഭാഷയെ മലിനമാക്കുന്ന ദ്വയാര്‍ഥ പ്രയോഗങ്ങളും മദ്യം, പുകവലി, അനാശ്യാസ ബന്ധങ്ങള്‍ തുടങ്ങിയവയെ മഹത്വവത്‌ക്കരിക്കുന്ന സമീപനങ്ങളും ഇത്തരം സിനിമകളുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ പല പരസ്യചിത്രങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്തവയാണ്‌. രാഷട്രീയ പാര്‍ട്ടികള്‍ക്ക്‌ പുറമേ ഇപ്പോള്‍ ജാതിമതസംഘടനകളും കുട്ടികളുടെ സംഘടനകള്‍ ആരംഭിക്കുന്ന പ്രവണതയുണ്ട്‌. എന്നാല്‍ ഇവര്‍ എന്ത്‌ സന്ദേശമാണ്‌ കുട്ടികള്‍ക്ക്‌ നല്‍കുന്നതെന്ന്‌ സമൂഹം പരിശോധിക്കണമെന്നും സ്‌പീക്കര്‍ പറഞ്ഞു.

ജവഹര്‍ ബാലഭവന്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ക്ലാസുകളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 16 കലാവിഷയങ്ങളിലാണ്‌ പരിശീലനം. പഠനോപകരണങ്ങള്‍ ബാലഭവന്‍ നല്‍കും. കലാപരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.