നെയ്യാറ്റിന്‍‌കരയില്‍ നടന്നത് ഉമ്മന്‍‌ചാണ്ടിയുടെ നേതൃത്വത്തിലുള്ള കൂറുമാറ്റം: വൈക്കം വിശ്വന്‍

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (18:26 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നേതൃത്വത്തിലുള്ള കൂറുമാറ്റമാണ് നെയ്യാറ്റിന്‍‌കരയില്‍ നടന്നതെന്ന് എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്നതിനാല്‍ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങളാണ്‌ യു ഡി എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ യു ഡി എഫ്‌ ജനങ്ങള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. യു ഡി എഫില്‍ ചേരുന്നത്‌ ആത്മഹത്യാപരമാണെന്നാണ്‌ രാജിവയ്‌ക്കുന്ന സമയത്ത്‌ ശെ‌ല്‍‌വരാജ് പറഞ്ഞിരുന്നത്‌. എന്നാല്‍ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളിലൂടെ, മുഖ്യമന്ത്രിയും സംഘവും ചേര്‍ന്ന്‌ കൂറുമാറ്റം സംഘടിപ്പിച്ചു എന്ന് വ്യക്തമായെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

സാമുദായിക ശക്‌തികള്‍ക്ക്‌ വഴങ്ങുന്നതിലൂടെ കേരളത്തിലെ സാമൂഹിക കാഴ്‌ചപ്പാട്‌ യു ഡി എഫ് തകര്‍ത്തിരിക്കുകയാണ്. മന്ത്രിമാരെ ഉപയോഗിച്ച്‌ നെയ്യാറ്റിന്‍കരയില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമം നടത്തിയാല്‍ അത്‌ എതിര്‍ക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.