നിസാം കേസില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. നിസാമിനെ രക്ഷിക്കാന്‍ ഭരണപക്ഷവും പൊലീസും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തു നിന്ന് ബാബു എം പാലിശ്ശേരി എം എല്‍ എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.
ചന്ദ്രബോസ് കൊലക്കേസില്‍ പ്രതിയായ വിവാദവ്യവസായി നിസാമിന്റെ ഭാര്യയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് ചോദിച്ച പ്രതിപക്ഷം ചന്ദ്രബോസിന്റെ രക്തം പുരണ്ട വസ്ത്രം പോലീസ് നശിപ്പിച്ചുവെന്നും ആരോപിച്ചിരുന്നു. പൊലീസ് നിസാമുമൊത്ത് ബാംഗ്ലൂരില്‍ 13 ദിവസം തെളിവെടുപ്പ് നടത്തിയതിനെയും പ്രതിപക്ഷം കര്‍ശനമായി വിമര്‍ശിച്ചു.
അതേസമയം, നിസാം കേസില്‍ ഡി ജി പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്ന് ആഭ്യന്തരമന്ത്രി സഭയില്‍ അറിയിച്ചു. നിസാമുമായി ഫോണില്‍ സംസാരിച്ചത് ഫ്ലാറ്റിന്റെ താക്കോലെടുക്കാനെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നിസാം ഉള്‍പ്പെട്ട കേസുകളിലെല്ലാം വിശദമായ അന്വേഷണം നടക്കുന്നുണ്ട്. നിസാമിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക അന്വേഷണ വിഭാഗം അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അതേസമയം, ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്‌ടമായത് ആശുപത്രിയില്‍ നിന്നാണെന്ന് ആഭ്യന്തരമന്ത്രി. ആശുപത്രി അധികൃതരുടെ പിഴവു മൂലമാണ് വസ്ത്രങ്ങള്‍ നഷ്‌ടമായത്. ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി സഭയില്‍ അറിയിച്ചു.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.