നിയമസഭാ രൂപീകരണത്തിന്‌ 125 വയസ്

Webdunia
ശനി, 30 മാര്‍ച്ച് 2013 (14:07 IST)
PRO
PRO
സംസ്ഥാനത്തെ ആദ്യ നിയമ നിര്‍മ്മാണ സഭയുടെ രൂപീകരണത്തിന്‌ മാര്‍ച്ച് 30 ശനിയാഴ്ച 125 വയസ്. തിരുവിതാം‍കൂര്‍ ലെജിസ്ലേറ്റീവ് കൌണ്സില്‍ രൂപീകരിച്ചുകൊണ്ട് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് 1888 മാര്‍ച്ച് 30 നാണ്‌ ഉത്തരവായത്. ഈ ഉത്തരവാണ്‌ 125 വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ ആദ്യ നിയമനിര്‍മ്മാണ സഭകളില്‍ ഒന്നായിരുന്നു ഇത്. ലെജിസ്ലേറ്റീവ് കൌണ്‍സിലിന്‍റെ ആദ്യ യോഗം ചേര്‍ന്നത് 1888 ഓഗസ്റ്റ് 23 നായിരുന്നു. ഔദ്യോഗിക ഉപദേശക സമിതി എന്ന നിലയിലായിരുന്നു ഇത് രൂപീകരിച്ചത്. ഇതിലെ അംഗങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു. ആദ്യം രണ്ട് അനൌദ്യോഗിക അംഗങ്ങളും ആറ് ഉദ്യോഗസ്ഥരും ആയിരുന്നു കൌണ്‍സിലില്‍ ഉണ്ടായിരുന്നത്. കാലാവധി മൂന്ന് വര്‍ഷമായിരുന്നു.

നിയമനിര്‍മ്മാണ സഭയുടെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്‌. 2012 ഓഗസ്റ്റ് 23 ന്‌ ആരംഭിച്ച ആഘോഷങ്ങള്‍ 2013 ഓഗസ്റ്റില്‍ അവസാനിക്കും.