നിയമസഭയില്‍ മാണി വിഭാഗം ഇനി പ്രത്യേക ബ്ലോക്ക്; തിങ്കളാഴ്ച നടപ്പാകും!

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (18:19 IST)
കേരള കോണ്‍ഗ്രസ് മാണി വിഭാഗം എം എല്‍ എമാര്‍ക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം.
 
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കറെ സമീപിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ അറിയിച്ചു.
 
നിയമസഭയില്‍ ഇതനുസരിച്ച് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിങ്കളാഴ്ച നടപ്പാകുമെന്നുമാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.
 
ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് മാണി വിഭാഗം യു ഡി എഫ് വിട്ടത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാനുള്ള അനുമതി അന്ന് ആവശ്യപ്പെട്ടതാണ്.
 
മാണി വിഭാഗം കേരള കോണ്‍ഗ്രസ് നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. ബി ജെ പിയോട് അടുപ്പിക്കാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം ശ്രമം നടത്തുന്നുണ്ടെങ്കിലും മാണി മനസ് തുറന്നിട്ടില്ല. എല്‍ ഡി എഫ് പ്രവേശനം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. മാണി യു ഡി എഫിലേക്ക് മടങ്ങിപ്പോകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതിനിടെയാണ് പ്രത്യേക ബ്ലോക്കായിരിക്കാന്‍ മാണി വിഭാഗത്തിന് അനുമതി നല്‍കി സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Next Article