നിക്ഷേപകര്‍ക്ക് ഇളവുകള്‍ നല്‍കണം - എളമരം

Webdunia
കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും നല്‍കിയാലേ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിലേക്കും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയൂവെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.

ന്യൂ ഇന്ത്യാ എക്സ്പ്രസിന്‍റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ എക്സ്പ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതീക്ഷിച്ചതുപോലെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. അതിനാല്‍ കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും നല്‍കേണ്ടി വരും.

വാര്‍ത്തകള്‍ വളച്ചൊടിച്ച് നിക്ഷേപകരെ മാധ്യമങ്ങള്‍ അകറ്റുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരള വികസനത്തിന് പുതിയ രൂപരേഖ ഉണ്ടാക്കുകയെന്ന ലക്‍ഷ്യത്തോടെയാണ് എക്സ്പ്രസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. രാഷ്ട്രീയം, വികസനം, ക്രിയാത്മക പത്രപ്രവര്‍ത്തനം എന്നീ മൂന്ന് കാര്യങ്ങള്‍ കേരളത്തിന്‍റെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച് ഐക്യരാഷ്ട്രസഭ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശിതരൂര്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

ഹര്‍ത്താലുകളും തൊഴില്‍ സംഘടനകളും നിക്ഷേപകരെ കേരളത്തില്‍ നിന്നും അകറ്റുന്നുവെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കടന്നുകയറുന്ന പ്രതിഷേധ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വികസനത്തിന് വേണ്ടി പൊതുമിനിമം പരിപാടി തയാറാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയാറാകണമെന്ന് ഫിക്കി പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.