നാലരവയസുകാരനെ പുലി കടിച്ചുകൊന്നു

Webdunia
ചൊവ്വ, 12 ജനുവരി 2010 (13:29 IST)
PRO
നാലര വയസുകാരനെ പുലി കടി കടിച്ചുകൊന്നു. കേരള തമിഴ്നാട് അതിര്‍ത്തിയായ മലക്കപ്പാറയ്ക്കടുത്ത് തോണിമുടിയിലാണ് സംഭവം. ആറു മാസം മുന്‍‌പ് ഇതിന്‍റെ സമീപ പ്രദേശത്ത് ഏഴുവയസുകാരിയായ ഒരു പെണ്‍കുട്ടിയെയും പുലി കൊന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞദിവസവും പുലിയുടെ അക്രമം ഉണ്ടായത്.

എസ്റ്റേറ്റ് തൊഴിലാളിയായ ബാബുവിന്‍റെ മകന്‍ മുകേഷിനെയാണ് പുലി കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അയല്‍‌വീട്ടിലെ കുട്ടികളോടോത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മുകേഷ്. പൊടുന്നനെ ചാടിവീണ പുലി കുട്ടിയുടെ കഴുത്തിനാണ് ആദ്യം കടിച്ചത്. കുട്ടിയെ കടിച്ചുവലിച്ച് പുലി അടുത്ത കാട്ടിലേക്ക് മറയുകയായിരുന്നു.

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പന്തവും മറ്റുമായി കാട്ടില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രാവശിഷ്ടങ്ങളും രക്തത്തുള്ളിയും അടയാളമാക്കി പിന്തുടര്‍ന്നാണ് നാട്ടുകാര്‍ പുലി പോയ വഴിയിലൂടെ പിന്തുടര്‍ന്നത്. കുട്ടിയെയും കൊണ്ട് പുലി അപ്പോഴേക്കും വീടിന് ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ അകലെ കാട്ടിലെത്തിയിരുന്നു. കുട്ടിക്ക് സമീപം നിന്നിരുന്ന പുലി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞെങ്കിലും പന്തവും മറ്റും എറിഞ്ഞ് ഇവര്‍ വിരട്ടിയോടിച്ചു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

അടുത്ത നാളുകളിലുണ്ടായ രണ്ടാമത്തെ സംഭവമായതിനാല്‍ നാട്ടുകാര്‍ ഭയപ്പാടിലാണ്. നേരത്തെയും പ്രദേശത്ത് പുലിയിറങ്ങാറുണ്ടായിരുന്നെങ്കിലും മനുഷ്യരെ ഉപദ്രവിച്ചിരുന്നില്ല. വനപാലകര്‍ക്ക് പരാതി നല്‍കിയെങ്കിലും പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കുക മാത്രമാണവര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.