നാമനിര്‍ദ്ദേശപത്രിക: സൂക്ഷ്‌മപരിശോധന ഇന്ന്

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2011 (09:45 IST)
നിയമസഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. സൂക്ഷ്‌മപരിശോധനയ്ക്കു ശേഷം അന്തിമപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഈ മാസം 30നാണ് നാമനിര്‍ദ്ദേശപത്രിക പിന്‍ വലിക്കുന്നതിനുള്ള അവസാനതീയതി. സംസ്ഥാനത്ത് ഉള്ള 140 നിയോജകമണ്ഡലങ്ങളിലായി മൊത്തം
1373 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

തിങ്കളാഴ്ച രാവിലെ 11 മണിക്കു നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിക്കും, സ്ഥാനാര്‍ഥിയുടെ ഒപ്പ്‌, വയസ്‌, കെട്ടിവച്ച തുകയുടെ രസീത്‌ എന്നിവയില്ലാത്ത പത്രികകള്‍ ആയിരിക്കും നിരസിക്കുക. അതേസമയം, സാങ്കേതിക തെറ്റുകള്‍ ചൂണ്ടിക്കാട്ടി പത്രികകള്‍ തള്ളരുതെന്ന്‌ റിട്ടേണിങ്‌ ഓഫീസര്‍മാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഏറ്റവും കൂടുതല്‍ പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത് കോഴിക്കോട് ജില്ലയിലും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. വയനാട്ടില്‍ 23 പേര്‍ മാത്രം പത്രിക സമര്‍പ്പിച്ചപ്പോള്‍ കോഴിക്കോട് 161 പേരാണ് പത്രിക സമര്‍പ്പിച്ചത്.