നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചന വെളിപ്പെടുത്തുമെന്ന് പ്രതികള്‍; വിലപേശല്‍ തന്ത്രമെന്ന് പൊലീസ്

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (07:42 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്ന ഗൂഢാലോചനയെ കുറിച്ച് പ്രതികള്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രതികളായ പള്‍സര്‍ സുനില്‍, പ്രദീപ് എന്നിവരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നതെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
കഴിഞ്ഞ ദിവസം ആ കേസ് പരിഗണിക്കുമ്പോള്‍ സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വാദം കേള്‍ക്കാത്തതിനാല്‍ അതുണ്ടായില്ല. ജാമ്യഹര്‍ജിയിലെ വാദം കോടതി ജൂണ്‍ 17ലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതേസമയം, നടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നടന്റെ കൈവശം എത്തിച്ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
കേസില്‍ ഗൂഢാലോചന നടത്തിയിട്ടുള്ളവര്‍ ഇപ്പോഴും പുറത്താണെന്നും അവര്‍ പ്രതിപട്ടികയില്‍ ഇല്ലെന്നുമുള്ള നിലപാടാണ് പ്രതികള്‍ കോടതിയില്‍ ഉന്നയിക്കാന്‍ പോകുന്നതെന്നാണ് വിവരം. എന്നാല്‍ പ്രതികളുടെ ഗൂഢാലോചന വാദങ്ങളെല്ലാം പൊലീസ് തള്ളിക്കളയുകയാണ്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കപ്പുറത്തേക്ക് മറ്റാരെയും പ്രതികളാക്കാനുള്ള തെളിവുകള്‍ ഇത് വരെ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം. പ്രതികള്‍ വിലപേശല്‍ തന്ത്രമാണ് നടത്തുന്നതെന്ന നിലപാടിലാണ് പൊലീസ്.
Next Article