സൗഹൃദ നയതന്ത്രത്തിലൂടെ പാകിസ്ഥാനെ വരുതിയിലാക്കാന്‍ ഇന്ത്യ; 11 പാക് തടവുകാരെ മോചിപ്പിച്ചു - നീക്കം ജാദവ് കേസിനെ ബാധിക്കില്ലെന്ന് അധികൃതർ

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (20:30 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം തുടരുമ്പോഴും സമാധാന നീക്കവുമായി ഇന്ത്യന്‍ ഭരണകൂടം. 11 പാക് തടവുകാരെ മോചിപ്പിച്ചാണ് ഇന്ത്യ പാകിസ്ഥാന് മുന്നില്‍ സൗഹൃദ നയതന്ത്രം തുറന്നിട്ടിരിക്കുന്നത്.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ജയിലുകളില്‍ കഴിഞ്ഞവരെയാണ് വാഗാ അതിർത്തി വഴി പാകിസ്ഥാനില്‍ എത്തിച്ചിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കുകയായിരുന്നു.  

ജമ്മു കശ്‌മീരില്‍ പാക് വെടിവയ്‌പ്പ് ശക്തമായി തുടരുമ്പോഴാണ് ഇന്ത്യ പാക് തടവുകാരെ മോചിപ്പിച്ചത്. കൂടാതെ ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവ് കേസ് അന്താരാഷ്‌ട്ര കോടതിയുടെ പരിഗണനയിലുമാണ്.

അതേസമയം, പാക് തടവുകാരെ മോചിപ്പിച്ചതു മനുഷ്യത്വപരമായ നടപടിയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഈ നീക്കം രാജ്യാന്തര നീതിന്യായ കോടതിയുടെ മുന്നിലുള്ള ജാദവ് കേസിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
Next Article