കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ തവണ ഇരുവരേയും ചോദ്യം ചെയ്തെങ്കിലും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം, കേസില്‍ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പള്‍സര്‍ സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണിതെന്നു പൊലീസ് സൂചിപ്പിച്ചു. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് കൂടുതൽ നടപടികളിലേക്കു നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്.