ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമിക്കസ്‌ക്യൂറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഭഗവാന്റെ നാമത്തിന്റെ ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതായതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. സംഭവമായി ബന്ധപ്പെട്ട് കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും 26 പേജുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
അതേസമയം ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. എണ്‍പത് വര്‍ഷത്തോളം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായത്. എക്‌സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ മൂല്യമുള്ളതാണ് കാണാതായ വജ്രങ്ങള്‍.
ഈ വജ്രങ്ങളുടെ മതിപ്പുവില രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. 2015 ഓഗസ്റ്റിലാണ് വജ്രങ്ങള്‍ കാണാതായത്. വജ്രങ്ങള്‍ക്ക് കേടുപാടുണ്ടായി എന്നാണ് ഇതുസംബന്ധിച്ച ഫയലുകളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കാണാതായ സംഭവം കേടുപാടുകള്‍ വന്നെന്ന് രേഖപ്പെടുത്തിയത് ഗൗരവകരമായ പിഴവാണ്.
വജ്രം കാണാതായതുമായി ബന്ധപ്പെട്ട് ഒരു കേസ് കഴിഞ്ഞ ഓഗസ്റ്റ് ആറിന് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാര്യം പരിശോധിക്കുന്നതില്‍ അന്നത്തെ ഭരണസമിതിക്ക് വീഴ്ചസംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നും അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.