നടിയെ ആക്രമിച്ച കേസ്: ജനപ്രിയന്‍ ഇനിയും ജയിലില്‍ തുടരും; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (10:18 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അഡ്വ രാംകുമാറിനെ മാറ്റി മറ്റൊരു പ്രമുഖ അഭിഭാഷകനായ ബി. രാമന്‍പിളള വഴിയായിരുന്നു ഇത്തവണ ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അതീവ ഗുരുതരമായ പരാമര്‍ശങ്ങളോടെയാണ് ഇത്തവണയും ദിലീപിന്റെ ജാമ്യഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസ് തള്ളിയത്. 
 
അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് മൂന്നുതവണയാണ് ജാമ്യത്തിന് ശ്രമിച്ചത്. അറസ്‌റ്റിലായി അമ്പതാം ദിവസമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ഓഗസ്റ്റ് 11നാണ് ദിലീപ് ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യാപേക്ഷ നല്‍കിയത്. രണ്ട് ദിവസം നീണ്ടു നിന്ന വിശദമായ വാദമായിരുന്നു ഈ കേസില്‍ നടന്നത്. 
 
ദിലീപിന്റെ പേരിലുളള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചത്. സ്വന്തമായി കാരവാനുള്ള നടന്‍ ജനമധ്യത്തില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് സ്വീകര്യമായ കാര്യമല്ലെന്നും ദിലീപിനെ കുടുക്കുന്നതിനുള്ള കെണിയാണ് നടക്കുന്നതെന്നും അഭിഭാഷകന്‍ ബി രാമന്‍‌പിള്ള കോടതിയില്‍ വാദിച്ചു. 
 
അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാവാത്ത ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article