നടന്‍ അനൂപ് ചന്ദ്രന്‍ വാഹനാപകടത്തില്‍പ്പെട്ടു

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2010 (15:35 IST)
ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചലച്ചിത്രനടന്‍ അനൂപ് ചന്ദ്രന്‍ വാഹനാപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിന്നു പരുക്കേല്ക്കാതെ അനൂപ് ചന്ദ്രന്‍ രക്ഷപ്പെട്ടു. അനൂപും സുഹൃത്തും ബന്ധുവുമായിരുന്ന ശ്രീജിത്തും സഞ്ചരിച്ചിരുന്ന കാര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.

കാര്‍ തിരുവല്ല ഇരവിപേരൂരിനു സമീപം പാടത്തുപാലത്തില്‍ നിന്ന്‌ ഇരുപതടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ഏഴു തവണ മലക്കം മറിഞ്ഞ കാര്‍ തലകീഴായാണു കിടന്നിരുന്നത്‌. അപകടം നടന്ന സ്ഥലത്തിന്‍റെ സമീപത്തെങ്ങും വീടുകളില്ലാതിരുന്നതിനാല്‍ അപകടവിവരം ആരുമറിഞ്ഞില്ല.

കാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും ഹൈവേ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. 10 മിനിട്ടിനുള്ളില്‍ പൊലീസെത്തി ഇരുവരെയും തിരുവല്ല താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ നേരിയ ചതവുകളല്ലാതെ മറ്റു പരുക്കുകളൊന്നുമില്ലായിരുന്നു. രാവിലെ ആറു മണിയോടെ ബന്ധുവിന്‍റെ കാറില്‍ അനൂപ്‌ എറണാകുളത്തേക്കു പോയി.

എറണാകുളത്തു ഷൂട്ടിങ്‌ നടക്കുന്ന ക്രിസ്‌ത്യന്‍ ബ്രദേഴ്സ്‌ സിനിമയുടെ സെറ്റില്‍ ഏഴു മണിക്കു ചെല്ലേണ്ടതിനാലായിരുന്നു അനൂപും ബന്ധുവും രാത്രി യാത്ര തുടര്‍ന്നത്.