നക്സല്‍ബാരി രാഷ്ട്രീയം പുന:സൃഷ്ടിക്കാന്‍ സിപിഎം ശ്രമം: ലീഗ്

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (17:31 IST)
PRO
PRO
തീവ്രവാദ ചിന്താഗതിയുള്ള ആളുകള്‍ സി പി എമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സി പി എമ്മുകാരല്ലാത്തവരെ കൊല്ലുകയാണ് ഇത്തരക്കാരുടെ ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചില ഇടതു തീവ്രവാദ സംഘടനകള്‍ക്ക് സി പി എമ്മില്‍ സ്വാധീനമുണ്ട്‌. പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്ന്‌ ഇത്തരക്കാരെ റിക്രൂട്ട്‌ ചെയ്‌ത്‌ അക്രമവും കൊള്ളയും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പട്ടുവത്ത്‌ കൊല്ലപ്പെട്ട യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ വീടു സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ ശക്‌തികളുടെ സ്വാധീനം സംശയിക്കുന്നതുകൊണ്ടാണു ഷുക്കൂര്‍ വധക്കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കണ്ണൂരില്‍ നക്സല്‍ബാരി രാഷ്ട്രീയം പുന:സൃഷ്ടിക്കാനുള്ള ശ്രമമാണു സി പി എം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത്‌ ഏതെങ്കിലും പൊലീസ്‌ സ്റ്റേഷന്‍ ലീഗിന്റെ നിയന്ത്രണത്തിലാണെന്നു സി പി എം തെളിയിച്ചാല്‍ അവര്‍ പറയുന്ന പണി ചെയ്യാമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.