ദുരന്ത കാരണം സര്‍ക്കാര്‍ വീഴ്ച: സുഷമ സ്വരാജ്

Webdunia
ബുധന്‍, 19 ജനുവരി 2011 (14:48 IST)
PRO
പുല്ലുമേട് ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്. ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ദുരന്തത്തെ കുറിച്ച് അന്വേഷണമല്ല നടപടിയാണ് വേണ്ടത്. സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന പുല്ലുമേട്ടില്‍ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.

ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തേണ്ട സുരക്ഷ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. മുമ്പും ഇത്തരം അപകടങ്ങള്‍ ഉണ്ടായി. 1999ലുണ്ടായ അപകടം സംബന്ധിച്ച ചന്ദ്രശേഖരമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. ഇതാണ് അപകടം ആവര്‍ത്തിക്കാന്‍ കാരണം.

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

ചൊവ്വാഴ്ച്ച രാത്രി കൊച്ചിയിലെത്തിയ സുഷമ സ്വരാജ് റോഡുമാര്‍ഗമാണ് പുല്ലുമേട്ടിലെത്തിയത്. ബിജെപി എം പി മാരുടെ സംഘവും ഇവരോടൊപ്പമുണ്ടായിരുന്നു.