കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രംഗത്ത്. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു നടിയെ പീഡിപ്പിക്കാന്‍ നടന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. ഹൈക്കോടതി ഇത് മനസ്സിലാക്കുമെന്നും ദിലീപിന് ജാമ്യം നല്‍കില്ലെന്നുമാണ് താന്‍ കരുതുന്നതെന്നും വൃന്ദ കാരാട്ട് കോഴിക്കോട് പറഞ്ഞു.
ദിലീപ് ദയയുടെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ലെന്നും താരത്തിന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും സിപിഎം നേതാവ് പറഞ്ഞു. മുന്‍നിര നായകന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും കേസിന് പിറകില്‍ ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് തന്റെ പൂര്‍ണ പിന്തുണയും വൃന്ദ കാരാട്ട് വാഗ്ദാനം ചെയ്തു.
സംഭവം നടന്നതിനു ശേഷം വളരെ വേഗം തന്നെ കുറ്റവാളികളെ പിടികൂടിയ പിണറായി സര്‍ക്കാരിനെ വൃന്ദ കാരാട്ട് അഭിനന്ദനം അറിയിച്ചു. കോഴിക്കോട് മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്.