കള്ളപ്പണത്തിനെതിരെ പോരാടാനിറങ്ങിയ ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോളജ് കോഴ ആരോപണത്തില്‍ സംസ്ഥാന സെക്രട്ടറി എംടി രമേശിനെ കുടുക്കാൻ ശ്രമം ഉണ്ടായെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആർഎസ് വിനോദ്.
രമേശിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ പേരു പറയാൻ അന്വേഷണ കമ്മിഷൻ നിർബന്ധിച്ചു. പരാതിക്കാരനായ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ ഷാജിയോടും ഇതേ ആവശ്യം കമ്മിഷൻ ഉന്നയിച്ചു. ടെലിഫോൺ വഴിയാണ് രമേശിന്റെ പേര് പറയാൻ ഷാജിയോട് ആവശ്യപ്പെട്ടതെന്നും മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിൽ ആർഎസ് വിനോദ് വ്യക്തമാക്കി.
കമ്മിഷന്‍ എന്നോടും രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. ബിജെപിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ആർഎസ് വിനോദ് പറഞ്ഞു. എംടി രമേശിനെ കുടുക്കാൻ വേണ്ടിയാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയതെന്ന വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കോഴ ആരോപണം തിരിച്ചടിയായതോടെ ബിജെപി സഹകരണ സെൽ കണ്‍വീനർ ആർഎസ് വിനോദിനെ പാർട്ടിയിൽ നിന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്താക്കിയിരുന്നു. വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണ്. പ്രവർത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനമാണെന്നും ആരോപണങ്ങൾ കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും കുമ്മനം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.