വിതുരയില്‍ പൊലീസ് മര്‍ദ്ദനത്തേ തുടര്‍ന്ന് ദളിത് യുവാവ് സീനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ മോശം അനുഭവം ആണ് യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇത് സംബന്ധിച്ച് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വഴിയില്‍ വച്ച് പടക്കം പൊട്ടിച്ചു എന്ന കേസില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സീനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് എസ് ഐ യുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സീനുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ സിനുവിനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിതുര എസ് ഐ ആര്‍ രാജേഷ്, എ എസ് ഐ കെ ജയകുമാര്‍ എന്നിവരെ ഐ ജി സസ്‌പെന്‍ഡ് ചെയ്തിരുന്നു.