തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണം: ഹൈക്കോടതി

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2010 (16:41 IST)
സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്തുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. തെരഞ്ഞെടുപ്പ്‌ വൈകുന്നതിന്‌ കാരണം തങ്ങളല്ലെന്ന്‌ വ്യക്തമാക്കി തെരഞ്ഞെടുപ്പ്‌ കമ്മീഷനും സത്യവാങ്മൂലം നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ്‌ നടപടികളും തീയതിയും സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ എടുക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന്‌ മുമ്പായി പുതിയ ഭരണ സമിതി അധികാരത്തില്‍ വരണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രനും കെ സുരേന്ദ്ര മോഹനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന്‌ കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ്‌ നീട്ടുന്നതിനെതിരെ കേരള സര്‍വോദയ മണ്ഡലം ആയിരുന്നു കോടതിയെ സമീപിച്ചത്‌. ഒക്ടോബര്‍ രണ്ടിനുശേഷം അത്യാവശ്യമെങ്കില്‍ അഡ്മിനിസ്ട്രേറ്റിവ്‌ കമ്മറ്റികളെ ഭരണം ഏല്‍പ്പിക്കാമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മറ്റികള്‍ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശം ഉണ്ടക്കയിരുക്കുന്നതല്ല.

ഘട്ടം ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ ആറ്‌ ജില്ലകളിലെ വോട്ടര്‍മാര്‍ രണ്ട്‌ തവണ വോട്ട്‌ ചെയ്യാന്‍ പോകേണ്ടിവരുമെന്നും ഇത്‌ ഇരട്ടി ചെലവുണ്ടാക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.