തൃശൂരില്‍ നിന്ന് ബസ് അടിച്ചുമാറ്റി, ആലപ്പുഴയില്‍ കണ്ടെത്തി!

Webdunia
ശനി, 19 ഒക്‌ടോബര്‍ 2013 (15:32 IST)
PRO
തൃശൂരില്‍ നിന്ന് മോഷണം പോയ സ്വകാര്യ ബസ് ആലപ്പുഴയില്‍ കണ്ടെത്തി. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ രാത്രി പാര്‍ക്കു ചെയ്തിരുന്ന സ്വകാര്യ ബസാണ് മോഷണം പോയത്. പിറ്റേ ദിവസം ആലപ്പുഴയില്‍നിന്നു ബസ്‌ കണ്ടെത്തുകയായിരുന്നു.

ആലപ്പുഴയില്‍ ഒരു വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് ബസ് കണ്ടെത്തിയത്. വീടിന്‍റെ ഗേറ്റ് തുറക്കാനോ വീട്ടിലെ കാര്‍ പുറത്തിറക്കാനോ പറ്റാത്ത രീതിയില്‍ ബസ് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ബസിനുള്ളില്‍ ആരും ഇല്ലെന്ന് കണ്ട് ആ വീട്ടിലെ വീട്ടമ്മ ബസിന് ചുറ്റും പരിശോധിച്ചപ്പോള്‍ ബസിന്‍റെ വര്‍ക്‍ഷോപ്പിലെ ഫോണ്‍ നമ്പര്‍ ലഭിച്ചു.

വര്‍ക്‍ഷോപ്പിന്‍റെ നമ്പരിലേക്ക് വിളിച്ച വീട്ടമ്മ ‘ഡ്രൈവറോട് ബസ് മാറ്റിയിടാന്‍ പറയണം’ എന്ന് നിര്‍ദ്ദേശിച്ചു. ബസ് എവിടെയാണ് കിടക്കുന്നതെന്ന് വര്‍ക്‍ഷോപ്പ് ഉടമ ചോദിച്ചു. ‘ആലപ്പുഴ’ എന്ന് മറുപടി കിട്ടിയപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ വര്‍ക്‍ഷോപ്പുടമ ഉടന്‍ തന്നെ ബസിന്‍റെ ഉടമയെ വിളിച്ച് വിവരം പറഞ്ഞു.

ഇതേസമയം, ബസ് മോഷണം പോയെന്ന പരാതിയുമായി ബസുടമ തൃശൂര്‍ ഈസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ ആലപ്പുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് ഉടന്‍ ബസ് കസ്റ്റഡിയിലെടുത്ത് തൃശൂരില്‍ എത്തിച്ചു. ആരാണ് ബസ് അടിച്ചുമാറ്റി കടന്നുകളഞ്ഞതെന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.