തിരുവഞ്ചൂരിന് ചികിത്സ വേണം: പിണറായി

Webdunia
ശനി, 10 ഓഗസ്റ്റ് 2013 (13:21 IST)
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമചിത്തത നഷ്ടപ്പെട്ടെന്നും അദ്ദേഹത്തിന് നല്ല ചികിത്സ നല്‍കേണ്ട സമയമായെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അപഹാസ്യമായ നിലപാടാണ് തിരുവഞ്ചൂരിന്‍റേതെന്നും അദ്ദേഹത്തിന്‍റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനം കണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് കരുതുന്നുണ്ടാകുമെന്നും പിണറായി പറഞ്ഞു.

ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായാണ് എല്‍ഡിഎഫിന്‍റെ ഉപരോധ സമരത്തെ തിരുവഞ്ചൂര്‍ ഉപമിക്കുന്നത്. അതായത്, സെക്രട്ടേറിയറ്റ് തകര്‍ക്കാന്‍ സമരക്കാര്‍ തുനിയുമെന്നാണ് അദ്ദേഹം പറയുന്നത്. പഴയ പ്രധാനമന്ത്രി ദേവഗൌഡ, സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി പി ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ആര്‍ എസ് പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഇവരൊക്കെ നേതൃത്വം കൊടുത്ത് സെക്രട്ടേറിയറ്റ് തകര്‍ക്കാന്‍ പോകുന്നു എന്നുപറയുന്ന തിരുവഞ്ചൂരിന് സമചിത്തത നഷ്ടപ്പെട്ടു എന്നല്ലേ മനസിലാക്കേണ്ടത്? - പിണറായി വിജയന്‍ ചോദിച്ചു.

ഞങ്ങള്‍ ഭരണപക്ഷത്തേക്കാള്‍ ജനപിന്തുണയുള്ള പ്രതിപക്ഷമാണ്. മഹാഭൂരിപക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്ന എല്‍ ഡി എഫാണ് സമരം നടത്തുന്നത്. ഞങ്ങള്‍ എന്ത് ആക്രമണം നടത്തുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്? ഞങ്ങള്‍ സെക്രട്ടേറിയറ്റ് സമരം ആദ്യമായി നടക്കുകയല്ലല്ലോ - പിണറായി പറഞ്ഞു.

ജീര്‍ണിച്ചുനാറിയ സര്‍ക്കാരാണിത്. അത് നാട്ടുകാര്‍ക്ക് മുമ്പില്‍ കൂടുതല്‍ വെളിപ്പെടാതിരിക്കാനാണ് ഈ സന്നാഹങ്ങളൊക്കെ. ഇപ്പോള്‍ ഉമ്മന്‍‌ചാണ്ടി നിയമത്തിന് അതീതനായി നില്‍ക്കുകയാണ്. കുറ്റം ചെയ്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിവരക്കേടുകൊണ്ടാണ്. ഞങ്ങളെ അറിയാവുന്നവര്‍ക്ക് അറിയാം ഞങ്ങള്‍ സമാധാന പരമായി സമരം നടത്തുന്നവരാണ് എന്ന്. യുദ്ധസമാനമായ സാഹചര്യം സര്‍ക്കാരാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായി, കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ - പിണറായി പറഞ്ഞു.

ഞങ്ങള്‍ ഭീകരപ്രവര്‍ത്തകരല്ല. പൊതുപ്രവര്‍ത്തകരാണ്. ഞങ്ങളെ ഭീകരരായി ചിത്രീകരിക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ നിയമവാഴ്ച അട്ടിമറിക്കുകയാണ് - പിണറായി വിജയന്‍ ആരോപിച്ചു.