തിരിച്ചെത്തിയ വീട്ടമ്മ വീണ്ടും ഒളിച്ചോടി

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (15:23 IST)
നെറ്റിലൂടെ പരിചയപ്പെട്ട കാമുകന്‍‌മാര്‍ക്കൊപ്പം കഴിയാന്‍ രണ്ട്‌ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു മുങ്ങി, പിന്നീട് തിരിച്ചെത്തിയ വീട്ടമ്മ വീണ്ടും മുങ്ങി. പൂവാര്‍ എരിക്കലവിളയിലെ വര്‍ഗീസിന്റേയും റീത്തയുടേയും മകളായ ജ്യോതിയാണ് (27) വീണ്ടും മുങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയ ജ്യോതി വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയോടെയാണ് ജ്യോതിയുടെ രണ്ടാമത്തെ ഒളിച്ചോടല്‍ നാട്ടുകാര്‍ അറിയുന്നത്. അമ്മ റീത്തയാണ് പൊലീസില്‍ പരാതി നല്‍‌കിയിരിക്കുന്നത്.

നെയ്യാറ്റിന്‍കര പൂവാര്‍ എരിക്കിലവിള പുരയിടം വീട്ടില്‍ എഡ്വിന്റെ ഭാര്യ ജ്യോതിയെയാണ് പ്രണയം ചതിച്ചത്. മഹാരാഷ്ട്രയിലെ ജാല്‍നാ ജില്ലയിലെ ചന്ദന്‍ചിര എന്ന കുഗ്രാമത്തിലുള്ള ഷെറീഫും സുഹൃത്ത് ഖയൂബുമായിരുന്നു ജ്യോതിയുടെ കാമുകര്‍. കഴിഞ്ഞ സെപ്റ്റംബറില്‍ സുഹൃത്തിന്റെ കുടുംബവുമൊത്തുള്ള യാത്രക്കിടയില്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത്‌ നിന്നാണ്‌ ജ്യോതി അപ്രത്യക്ഷയായത്. നീണ്ട അഞ്ചുമാസത്തിന് ശേഷം വീട്ടമ്മയെ തൃശൂരില്‍ നിന്ന് പൊലീസ് പൊക്കുകയായിരുന്നു.

നാട്ടുകാരുടെ പരിഹാസമായിരിക്കാം രണ്ടാമതും ഒളിച്ചോടാന്‍ ജ്യോതിയെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു. ആദ്യത്തെ ഒളിച്ചോട്ടം കഴിഞ്ഞുവന്ന ജ്യോതി ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു. ജ്യോതിയുടെ കയ്യില്‍ വീട്ടുകാര്‍ മൊബൈല്‍ കൊടുക്കാറില്ലെങ്കിലും കുടുംബാംഗങ്ങളുടെയും അയല്‍‌ക്കാരുടെയും ഫോണുകളിലൂടെ ജ്യോതി ആരെയെക്കെയോ വിളിക്കാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.