ഒരു വര്‍ഷം 365 ദിവസം. തമ്പാനൂര്‍ രവിയും സരിത എസ് നായരും ഫോണില്‍ സംസാരിച്ചത് 507 തവണ. എന്നാല്‍ തമ്പാനൂര്‍ രവി പറയുന്നത് പൊതുപ്രവര്‍ത്തകനായ താന്‍ ആരുവിളിച്ചാലും ഫോണ്‍ എടുക്കാറുണ്ടെന്നും അക്കൂട്ടത്തില്‍ സരിതയുമായും സംസാരിച്ചിട്ടുണ്ടാകാം എന്നുമാണ്. ശരാശരിക്കണക്ക് അനുസരിച്ച് ദിവസം ഒന്നില്‍കൂടുതല്‍ തവണ ഫോണില്‍ സംസാരിച്ച ഒരാളുമായി ഒരു ബന്ധവുമില്ല എന്നാണ് രവി പറയുന്നത്.
ഏത് അര്‍ദ്ധരാത്രിയിലും ആരുവിളിച്ചാലും ഫോണ്‍ എടുക്കാറുണ്ടെന്നും സരിത തന്നെ ഇങ്ങോട്ടു വിളിക്കുകയായിരുന്നു എന്നും തമ്പാനൂര്‍ രവി സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. സരിതയെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ചാനലുകളിലും പത്രങ്ങളിലും കണ്ട പരിചയം മാത്രമാണുള്ളത് - രവി പറഞ്ഞു. എന്നാല്‍ സരിതയെ രവി തന്‍റെ ഫോണില്‍ നിന്ന് എട്ട് തവണ വിളിച്ചതിന്‍റെ രേഖകള്‍ കമ്മിഷന്‍ രവിക്ക് മുന്നില്‍ വച്ചു.
സരിതയെ ഭീഷണിപ്പെടുത്തുകയോ മുഖ്യമന്ത്രിക്കുവേണ്ടി അനുകൂല മൊഴിനല്‍കാന്‍ നിര്‍ബന്ധിക്കുകയോ സരിതയുടെ മൊഴിയില്‍ പറയുന്നതുപ്രകാരമുള്ള ഉറപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് തമ്പാനൂര്‍ രവി പറഞ്ഞു.
സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പരിചയമുണ്ട് എന്നല്ലാതെ ഫോണിലോ നേരിലോ സംസാരിച്ചിട്ടില്ലെന്നാണ് തമ്പാനൂര്‍ രവി കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയത്. എന്നാല്‍ ഫെനിയും തമ്പാനൂര്‍ രവിയും അനവധി തവണ ഫോണില്‍ സംസാരിച്ചതിന്‍റെ രേഖകള്‍ കമ്മിഷന്‍ രവിയുടെ മുന്നില്‍ വച്ചതോടെ രവിയുടെ ആ വാദവും പൊളിയുകയായിരുന്നു.