തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍, എജി ഹാജരാകില്ല

Webdunia
വ്യാഴം, 29 ഏപ്രില്‍ 2010 (10:13 IST)
വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തത് കേന്ദ്ര അഡ്മിനിസ്ട്രേടീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് സമര്‍പ്പിക്കും. ഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പൂര്‍ത്തിയാക്കി. എന്നാല്‍, തച്ചങ്കരി വിവാദത്തില്‍ കോടതിയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എജി സി പി സുധാകര പ്രസാദ് വ്യക്തമാക്കി. പകരം അഡീഷണല്‍ എ ജി ഹാജരാകും. വിവാദങ്ങളെ തുടര്‍ന്ന് ഒഴിവാക്കണമെന്ന് എ ജി ആവശ്യപ്പെടുകയായിരുന്നു. ഗവ: പ്ലീഡര്‍ മനോജ് കുമാറും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ എ ജി ഹാജരാകാത്തത് കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സൂചനകള്‍.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസും നിയമവകുപ്പും ചേര്‍ന്നു പഴുതുകളടച്ചുള്ള അപ്പീലാണു തയ്യാറാക്കിയിരിക്കുന്നത്‌ എന്നാണ് സൂചന. തച്ചങ്കരി മുമ്പും പലതവണ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ കര്‍ശന നടപടി അനിവാര്യമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടും. നേരത്തെയും അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്‌ തച്ചങ്കരിയെ താക്കീതു ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴത്തെ യാത്ര ചട്ടവിരുദ്ധമാണെന്ന്‌ ഡി ജി പിയുടെയും ഇന്‍റലിജന്‍സ്‌ മേധാവിയുടെയും റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലും അപ്പീലില്‍ വ്യക്‌തമാക്കും.

വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഐ ജി ടോമിന്‍ തച്ചങ്കരി സി എ ടിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തച്ചങ്കരിയുടെ പരാതി പരിഗണനയില്‍ വന്നപ്പോള്‍ തച്ചങ്കരിയുടെ സസ്പെന്‍‌ഷന്‍ വിഷയത്തില്‍ സി എ ടി എതിര്‍സത്യവാങ്മൂലം ആരാഞ്ഞു. എന്നാല്‍ സത്യവാങ്മൂലം ഇല്ല എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ മറുപടി.

തുടര്‍ന്ന് എജിയോട് മുഖ്യമന്ത്രി വിശദീകരണം ആരാഞ്ഞപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മുലം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതിനാലാണ് സമര്‍പ്പിക്കാതിരുന്നതെന്നും എ ജി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

അതേസമയം, ടോമിന്‍ തച്ചങ്കരി പ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക്‌ സി പി എം സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്‌ വിമര്‍ശനം ഉന്നയിച്ചത്‌. തച്ചങ്കരിയെ സസ്പെന്‍ഡ്‌ ചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രി തിടുക്കം കാണിച്ചെന്ന്‌ ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.