ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം: പ്രതിസന്ധി തുടരുന്നു

Webdunia
വെള്ളി, 4 ജൂണ്‍ 2010 (10:23 IST)
PRO
ആരോഗ്യവകുപ്പിലെ വിവാദ സ്ഥലം‌മാറ്റത്തോടുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുന്നു. പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ ഇത് സംബന്ധിച്ച ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് ഡോക്ടര്‍മാരുടെ സംഘടന തള്ളിയിരിക്കുകയാണ്.

സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂപ്രണ്ടുമാരടക്കമുള്ള 1,155 ഡോക്ടര്‍മാരെയാണ് ഒറ്റയടിക്ക് ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയിരിക്കുന്നത്. ഇവരില്‍ പകുതി പേരും ഇനിയും പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ തയ്യാറെടുപ്പ് നടത്തിയിട്ടില്ല. ഫലത്തില്‍ വരും ദിനങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപിയുടെ ഉള്‍പ്പെടെ പ്രവര്‍ത്തനം ദുരിതത്തിലാകും.

സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ‌ജി‌എം‌ഒ‌എ നാളെ യോഗം ചേരുന്നുണ്ട്. മേയ്‌ 30നാണു സ്ഥലംമാറ്റ ഉത്തരവ്‌ ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌. കേഡര്‍ നടപ്പാക്കിയപ്പോള്‍ നൂറ്റിയമ്പതോളം ഡോക്ടര്‍മാരുടെ സീനിയോറിറ്റി നഷ്ടപ്പെട്ടുവെന്നും അപാകതകള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ ഉത്തരവ്‌ കണക്കിലെടുക്കേണ്ടതില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.