കോഴിക്കോട് ജില്ലയിലുള്ള ഡിസ്റ്റിലറി പാലക്കാട് ജില്ലയിലേക്ക് മാറ്റാനുള്ള ഫയലില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി പി കെ ഗുരുദാസന്‍. ഫയല്‍ തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും ഗുരുദാസന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ വഴിവിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഗുരുദാസന്‍ വ്യക്തമാക്കി.
കോഴിക്കോട്ടെ ഒരു ഡിസ്‌റ്റിലറി ഉടമ തന്റെ പ്ലാന്റ് പാലക്കാട്ടെ മുതലമടയിലേക്കു മാറ്റാന്‍ അനുമതി തേടി എക്‌സൈസ് കമ്മിഷണറെ കഴിഞ്ഞമാസം സമീപിച്ചിരുന്നു. മുതലമടയില്‍ ഗോവിന്ദപുരം ചെക്‌പോസ്‌റ്റിനു സമീപം ഏഴര ഏക്കറിലാണു പുതിയ ഡിസ്റ്റിലറി സ്‌ഥാപിക്കാന്‍ അനുമതിക്കു ശുപാര്‍ശ ചെയ്‌തത്.
സ്‌ഥലം വാങ്ങിയതു കഴിഞ്ഞമാസം ആദ്യമായിരുന്നു. ഫെബ്രുവരി 18-നു മധ്യമേഖലാ ജോയിന്റ് കമ്മിഷണറോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലുള്ള പരിശോധന 19-നുതന്നെ നടന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലായിരുന്നു തിടുക്കം കൂട്ടിയുള്ള ഈ നടപടികള്‍. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടു കൂടിയാണ് വകുപ്പ് മന്ത്രി തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുന്നത്.