ഡാറ്റ സെന്റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയുടെ നിയമോപദേശം സര്‍ക്കാര്‍ തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച രണ്ടു പേജുള്ള കത്തിലാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. ഇനി സുപ്രീം കോടതിയെ സമീപിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും അറ്റോര്‍ണി ജനറലിന്റെ കത്തില്‍ പറയുന്നു. ഇത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും സര്‍ക്കാരിന് സ്വന്തം നിലപാട് സ്വീകരിക്കാമെന്നും എജി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എജി കത്തയച്ചതെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് സിബിഐ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഇന്നോ നാളയോ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചേക്കും. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷിക്കണമെന്നാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിനെ അറിയിച്ചത്. വസ്തുതകള്‍ പരിശോധിച്ചതില്‍നിന്ന് സിബിഐ അന്വേഷണം അനിവാര്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കേ സിബിഐ അന്വേഷണത്തില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ കേസില്‍ നിന്ന് പിന്മാറാനുള്ള അറ്റോര്‍ജി ജനറലിന്റെ നീക്കവും കത്തില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാടു സ്വീകരിക്കുമ്പോള്‍ അതിനുള്ള മറുപടിയും കോടതിയില്‍ നല്‍കേണ്ടിവരും. അറ്റോര്‍ണി ജനറല്‍ പിന്മാറിയാല്‍ പ്രഗത്ഭനായ മറ്റൊരു അഭിഭാഷകനെ കണ്ടെത്തേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ടാകും.