സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷനു കൈമാറിയത് സിബിഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് സര്‍ക്കാറിന് വേണ്ടി ഹാജരായ എജി ഇക്കാര്യം വ്യക്തമാക്കിയത്. 2005 മുതല്‍ സ്‌റ്റേറ്റ് ഡേറ്റ സെന്ററിന്റെ നടത്തിപ്പു ചുമതല സിഡാക്, ടി സിഎസിനായിരുന്നു. 2008ല്‍ ക്ഷണിച്ച ടെന്‍ഡര്‍ 2009ല്‍ വീണ്ടും ക്ഷണിക്കുകയും ടെന്‍ഡര്‍ തീയതി റിലയന്‍സിന്റെ സൗകര്യം മാനിച്ച് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശ പ്രകാരം തീയതി മാറ്റി നിശ്ചയിച്ചെന്നാണ് കേസ്.
വിഎസ് അച്യുതാനന്ദന്‍, നന്ദകുമാര്‍, ഐടി മിഷന്‍ ഡയറക്ടറായിരുന്ന രത്തന്‍ ഖേല്‍ക്കര്‍, മുന്‍ ഐടി സെക്രട്ടറി അജയകുമാര്‍, ഐടി മിഷന്‍ മാനേജര്‍ മോഹന്‍ സുകുമാരന്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യമുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ആരംഭിച്ചതാണ് ഡാറ്റാ സെന്റര്‍. ഇടതു സര്‍ക്കാര്‍ ഡാറ്റാ സെന്റര്‍ നിഗൂഢമായി റിലയന്‍സിന് കൈമാറിയെന്നാണ് കേസ്.