മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ നാലുഡാമുകള്‍ ഇപ്പോഴും കേരളത്തിന്‍റേത് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തുണക്കടവ് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാട് സ്വന്തമാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് നിയമസഭയില്‍ മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡാമുകള്‍ കേരളത്തിന് നഷ്ടമായിട്ടില്ല. നാഷണല്‍ ഡാം രജിസ്റ്റര്‍ പ്രകാരം ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണ്. 2012 മുതല്‍ ഈ പട്ടികയില്‍ നാലുഡാമുകളുടെയും ഉടമസ്ഥാവകാശം കേരളത്തിനാണ്. മുപ്പത്തിരണ്ടാം സുരക്ഷാസമിതിയോഗത്തില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് കേരളത്തിന്‍റെ പ്രതിനിധി അഭിപ്രായം പറഞ്ഞില്ലെന്ന ആരോപണം തെറ്റാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്നത് വസ്തുതയാണ്. മുപ്പത്തിമൂന്നാം യോഗത്തില്‍ കേരളത്തിന്‍റെ നിലപാട് ശക്തമായി വ്യക്തമാക്കും. ഉടമസ്ഥാവകാശം എന്ന പദം തങ്ങള്‍ക്കായി കൊണ്ടുവരാന്‍ തമിഴ്നാട് ശ്രമിച്ചു എന്നത് സത്യമാണെന്നും ഉമ്മന്‍ചാണ്ടി സമ്മതിച്ചു.