ട്രാഫിക് തടസ്സങ്ങള്‍ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണം

Webdunia
ഞായര്‍, 6 ഒക്‌ടോബര്‍ 2013 (14:52 IST)
PRO
തിരുവനന്തപുരം നഗരത്തിലെയും ജില്ലയിലെയും പൊതുനിരത്തുകളിലെ ട്രാഫിക്തടസ്സങ്ങളും കയ്യേറ്റങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് കര്‍ശന നിര്‍ദേശം നല്‍കി.

ഹൈക്കോടതി ഉത്തരവ് പ്രകാരം(ഡബ്ലു. പി.സി. 2011-12) ദേശീയപാതയിലെയും മറ്റ് റോഡുകളിലെയും ഫ്‌ളക്‌സ് ബോര്‍ഡ് അടക്കമുള്ള ട്രാഫിക് തടസ്സങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാതല റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

നടപ്പാത കയ്യേറിയുള്ള പുസ്തകക്കച്ചവടം, കരിക്ക് വില്‍പന, തട്ടുകടകള്‍ തുടങ്ങിയവ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണം. വാഹനമോടിക്കുന്നതിനും ട്രാഫിക് സിഗ്നലുകള്‍ കാണുന്നതിനും തടസ്സമായി പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും അടിയന്തിരമായി നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. സ്‌ക്വാഡില്‍ റവന്യൂ, പൊതുമരാമത്ത്, എക്‌സൈസ്, പൊലീസ്, ട്രാന്‍സ്‌പോര്‍ട്ട്, ദേശീയപാത ഉദ്യോഗസ്ഥര്‍, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അംഗങ്ങളായിരിക്കും.

പത്ത് ദിവസത്തിനു ശേഷം സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കും. അതിനുള്ളില്‍ തടസ്സങ്ങളെല്ലാം നീക്കം ചെയ്തിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം.ശേഖരന്‍, ട്രാഫിക് എ.സി.പി ആര്‍. മഹേഷ്, ജോയിന്റ് ആര്‍.ടി.ഒ പി.എം.ഷാജി, ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.റോസമ്മ, റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ.രാജേന്ദ്രബാബു, നാര്‍കോട്ടിക് സെല്ലിലെ കെ.രാജു, ദേശീയപാതാവിഭാഗത്തിലെ ഗീതാ രഘു , റോഡ് ഫണ്ട് ബോര്‍ഡ് എ.ഇ.ഇ ആര്‍ സുകുമാര്‍എന്നിവര്‍ പങ്കെടുത്തു