ടോട്ടല്‍ ഫോര്‍ യു ബിന്ദുവിന് ജാമ്യം

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2009 (17:58 IST)
ടോട്ടല്‍ ഫോര്‍ യു നിക്ഷേപത്തട്ടിപ്പിലെ രണ്ടാം പ്രതി ബിന്ദു സുരേഷിന് ജാമ്യം അനുവദിച്ചു. ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിലെ ബ്രാഞ്ച്‌ മാനേജരായിരുന്ന ബിന്ദു സെപ്റ്റംബര്‍ 22 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും അത്രയും തുകയ്ക്കുള്ള രണ്ട്‌ ആള്‍ ജാമ്യത്തിലുമാണ്‌ മോചനം.

പൊതുജനങ്ങളില്‍നിന്ന്‌ 5 കോടി രൂപയുടെ നിക്ഷേപമാണ് ബിന്ദു സുരേഷ് സമാഹരിച്ചതെന്ന് പോലീസ്‌ കണ്ടെത്തിയിരുന്നു. ഇതിന്‌ കമ്മീഷനായി 60 ലക്ഷം രൂപയാണ് ബിന്ദുവിന് ലഭിച്ചത്. ഈ തുകയില്‍ 40 ലക്ഷം രൂപ വീടിനായി ചെലവിട്ടതായും പൊലീസ് കണ്ടെത്തിയിരുന്നു.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് പുറത്തുവന്നതോടെ മുങ്ങിയ ബിന്ദുവിനെ സെപ്‌തംബര്‍ 22-നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ജാമ്യത്തില്‍ വിട്ടാല്‍ വീണ്ടും മുങ്ങുമെന്നും പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിച്ചതിനാല്‍ ഇതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.