ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട നിലപാട് മാറ്റാനുണ്ടായ സാഹചര്യം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം നല്‍കിയ കത്തുകൂടി പരിഗണിച്ചാണ് ടി പി വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെപ്പോലും തള്ളിക്കളയുന്നതാണ് വി എസിന്റെ നിലപാടുമാറ്റമെന്ന് അദ്ദേഹം പറഞ്ഞു.
ടി പി വധത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് വി എസ് ആദ്യം പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പറഞ്ഞതിനെക്കാള്‍ കൂടുതല്‍ വി എസിന്റെ വാക്കുകള്‍ ജനം വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റാനുണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയാണോ നിലപാട് മാറ്റമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.