ടി പി വധം: കുറ്റപത്രം തിങ്കളാഴ്ച

Webdunia
ശനി, 11 ഓഗസ്റ്റ് 2012 (09:16 IST)
PRO
PRO
ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. വടകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

കേസിലെ ആദ്യഘട്ട കുറ്റപത്രമാണ് തിങ്കളാഴ്ച സമര്‍പ്പിക്കുക. 37 പേര്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. സി പി എം നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ 76 പ്രതികളാണ് ഉള്ളത്. എം സി അനൂപാണ് ഒന്നാംപ്രതി. കിര്‍മാണി മനോജ്, കൊടിസുനി, ടി കെ രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരാണ് യഥാക്രമം ഏഴു വരെയുള്ള പ്രതികള്‍. സി പി എം കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ സി രാമചന്ദ്രനും പ്രതിപ്പട്ടികയില്‍ മുന്നിലുണ്ട്. ടി പിയെ വധിക്കാന്‍ എം സി അനൂപുമായി ആദ്യം ഗൂഢാലോചന നടത്തിയത് രാമചന്ദ്രന്‍ ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മോഹനന്‍, കാരായി രാജന്‍, ജില്ലാ കമ്മിറ്റി അംഗം സി എച്ച് അശോകന്‍ തുടങ്ങി പാര്‍ട്ടി നേതാക്കള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നു. പി മോഹനന്‍ പ്രതിപ്പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.

ആയിരം പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്.