ടി പി വധം: കാര്‍ തടഞ്ഞ് നിര്‍ത്തി സിപിഎം നേതാവിനെ കസ്റ്റഡിയിലെടുത്തു

Webdunia
വെള്ളി, 29 ജൂണ്‍ 2012 (09:30 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ സി പി എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം പി മോഹനനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മറ്റു സി പി എം നേതാക്കള്‍ക്കൊപ്പം ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മോഹനനെ കൊയിലാണ്ടിയില്‍ വച്ച്‌ പൊലീസ്‌ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പ് ഓവര്‍ ടേക്ക് ചെയ്ത് റോഡ് ബ്ലോക്ക് ആക്കി മോഹനന്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കേസില്‍ നേരത്തെ അറസ്റ്റിലായവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ചന്ദ്രശേഖരനെ വധിച്ച കേസില്‍ മോഹനനു പങ്കുള്ളതായി പോലീസ്‌ കസ്റ്റഡിയിലുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ മോഹനനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കസ്റ്റഡിയില്‍ എടുത്തതില്‍ സി പി എം നേതൃത്വം വന്‍ പ്രതിഷേധം അറിയിച്ചു. സി പി എം പ്രവര്‍ത്തകര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഉപരോധം നടത്തുകയായിരുന്നു.