ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൊലയാളി സംഘത്തെ കാറില്‍ കണ്ടതായി സാക്ഷിമൊഴി. ഓര്‍ക്കാട്ടേരി ടൗണില്‍ വെച്ച് കൊലയാളികളെ താന്‍ കണ്ടതായി മുപ്പത്തഞ്ചാം സാക്ഷി രാധാകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു. കൊലയാളി സംഘത്തിലുണ്ടായിരുന്ന കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ ഇയാള്‍ തിരിച്ചറിഞ്ഞു.
സംഭവം നടക്കുന്നതിന്റെ ഒരു മണിക്കുര്‍ മുമ്പ് പ്രതികള്‍ ഓര്‍ക്കാട്ടേരി ടൗണിലെ ടാക്സി സ്റ്റാന്‍ഡില്‍ വന്നതായും വാഹനം നിര്‍ത്തി പുറത്തിറങ്ങിയതായും ഇയാള്‍ മൊഴി നല്‍കി. കാറില്‍ വേറെയും ആളുകളുണ്ടായിരുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവകാറും സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, കേസില്‍ ഇതുവരെ കൂറു മാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. ശനിയാഴ്ച വിസ്തരിച്ച മുഴുവന്‍ സാക്ഷികളും പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി. ഇവരെ എല്ലാവരെയും വിചാരണ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചു. ഇതോടെ ഈ കേസില്‍ മൊത്തം ഒമ്പത് സാക്ഷികള്‍ കൂറുമാറി. വരും ദിവസങ്ങളില്‍ നാല്‍പ്പത് സാക്ഷികള്‍ കൂടി കൂറുമാറാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു. സാക്ഷികളോടുളള പ്രോസിക്യൂഷന്റെ ചോദ്യങ്ങളില്‍ കൃത്യതയില്ലെന്നായിരുന്നു വിമര്‍ശം. പ്രതികളെ തിരിച്ചറിയുന്നത് അടക്കമുള്ള നടപടികളില്‍ പ്രോസിക്യൂഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ രണ്ടു ദിവസമായി താനാണ് ചെയ്യുന്നതെന്നും പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി പറഞ്ഞു.