ടിപി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതായി പ്രോസിക്യൂഷന്‍. പ്രതികളുടെ ജയില്‍മാറ്റം സംബന്ധിച്ച സര്‍ക്കാരിന്റെ അപേക്ഷയില്‍ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ പരാമര്‍ശം. എരഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ടി പി വധക്കേസ് പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എം സി അനൂപ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ജയിലില്‍ മൊബൈല്‍ ഫോണുകളും ഫേസ്ബുക്കും ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികളെ തിരുവനന്തപുരത്തെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
പ്രതികള്‍ക്ക് ജയിലിന് പുറത്ത് നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ജയിലില്‍ ഇവര്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുവെന്നും അതിനാല്‍ തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയാണ് ഏക പോംവഴിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം തങ്ങള്‍ക്ക് കൂടുതല്‍ വാദിക്കാനുണ്ടെന്നും വിചാരണയ്ക്ക് പ്രതികളുടെ സാന്നിധ്യം ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ വിചാരണയുടെ ഈ ഘട്ടത്തില്‍ എല്ലാ ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.