ടിപി കേസ് പ്രതികള്‍ ഫോണ്‍വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2013 (12:45 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ കോഴിക്കോട് ജയിലില്‍ ഫോണ്‍വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സെല്‍ബ്ളോക്കിന് മുന്നില്‍ നിന്ന് പ്രതികള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പൊലീസിന് ലഭിച്ചത്. ടിപി കേസ് പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി തുടങ്ങിയ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ബ്ളോക്കിന് മുന്‍പിലെ ക്യാമറയിലാണ് ഫോണ്‍വിളി ദൃശ്യങ്ങള്‍ പതിഞ്ഞത്. ജയിലിനകത്ത് സ്ഥാപിച്ച 68 ക്യാമറകളില്‍ ഒമ്പതെണ്ണത്തിലെ ദൃശ്യങ്ങള്‍ ആണ് പൊലീസ് പരിശോധിച്ചത്. നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. കൂടുതല്‍ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഫേസ്ബുക്ക്-ഫോണ്‍‌വിളി വിവാദത്തെ തുടര്‍ന്ന് കോഴിക്കോട് ജയിലില്‍നിന്ന് സ്ഥലംമാറ്റിയ 24 ജീവനക്കാരുടെ മൊഴിയെടുക്കല്‍ ചൊവ്വാഴ്ച ആരംഭിക്കും.