ടാങ്കര്‍ ദുരന്തം, ഒരാള്‍ കൂടി മരിച്ചു

Webdunia
തിങ്കള്‍, 11 ജനുവരി 2010 (20:46 IST)
PRO
കരുനാഗപ്പള്ളിയില്‍ ഉണ്ടായ ടാങ്കര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന ആയൂര്‍ തേവള്ളി സാഫല്യത്തില്‍ പ്രഭാകരന്‍പിള്ളയുടെ മകന്‍ അഭിലാഷ്‌ (26) ആണ്‌ മരിച്ചത്‌. അപകട സ്ഥലത്തിന്‌ തൊട്ടടുത്തുള്ള വെസ്റ്റേ കാഷ്യൂ ഫാക്ടറി തൊഴിലാളിയായിരുന്നു. അഭിലാഷ്‌ രക്ഷാ പ്രവര്‍ത്തനത്തിന്‌ ഓടി എത്തിയതാണ്‌.

കരുനാഗപ്പള്ളി സ്വദേശികളായ നാസര്‍, സമദ്‌, റഷീദ്‌, അഷ്‌റഫ്‌, പുത്തന്‍തെരുവ്‌ സ്വദേശി ബിജു, പൊലീസ്‌ കോണ്‍സ്റ്റബിള്‍ പ്രദീപ്‌ എന്നിവരാണ്‌ മരിച്ച മറ്റുള്ളവര്‍.

ഡിസംബര്‍ 31-ന് വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ്‌ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍ മറിയുകയായിരുന്നു‌. രാവിലെ നടന്ന അപകടത്തില്‍ പൊലീസുകാരും അഗ്നിശമന സേനാംഗങ്ങളുമടക്കം നിരവധി പേര്‍ക്ക്‌ പരുക്കേറ്റിരുന്നു‌. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഞ്ചു പേരുടെ നില ഗുരുതരമാണ്‌.

അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തിരുവനന്തപുരത്ത്‌ അറിയിച്ചു. ആശ്രിതരില്‍ ഒരാള്‍ക്ക്‌ സര്‍ക്കാര്‍ ജോലിയും നല്‍കും. സംഭവത്തെ കുറിച്ച്‌ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.