ഞായറാഴ്ചത്തെ വാര്‍ത്തകളെ മുതുകാട് താക്കോലിട്ട് പൂട്ടി

Webdunia
ശനി, 5 മാര്‍ച്ച് 2011 (13:51 IST)
PRO
ഇന്ത്യയിലെ പ്രമുഖമായ പത്തു നഗരങ്ങളില്‍ ഞായറാഴ്ച പുറത്തിറങ്ങുന്ന പത്രങ്ങളില്‍ വരാനിരിക്കുന്ന വാര്‍ത്തകളെ താക്കോലിട്ട് പൂട്ടി. താക്കോലിട്ട് പൂട്ടിയ പെട്ടി ബാങ്കിന്റെ ലോക്കറിനുള്ളില്‍ സുരക്ഷിതമായി ഇരിക്കുന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ വിസ്മയിപ്പിക്കുന്ന മാന്ത്രികവിദ്യയുടെ പുതിയ അധ്യായമാണിത്. ‘വിഷന്‍ ഇംപോസിബിള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ദ്രജാലത്തില്‍ ഞായറാഴ്ച ഇന്ത്യയിലെ പ്രമുഖ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മുഖ്യവാര്‍ത്തകളാണ് ഗോപിനാഥ് പ്രവചിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസ് കാത്തലിക് സിറിയന്‍ ബാങ്കിലെ ലോക്കറില്‍ അതീവസുരക്ഷിതമായി തലക്കെട്ടുകള്‍ കഴിയുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആയിരിക്കും വാര്‍ത്തകള്‍ അടങ്ങിയിരിക്കുന്ന പെട്ടി തുറക്കുക. വെള്ളിയാഴ്ച വൈകുന്നേരാമായിരുന്നു പത്രത്തിന്റെയും പേരിനു നേരെയും മുതുകാട് പ്രവചനവാര്‍ത്തകള്‍ കുറിച്ചിട്ടത്.

ഗോകുലം ഗോപാലന്‍, പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള, ഡി.വിജയമോഹന്‍, ബാബു പണിക്കര്‍, സി.എല്‍.ആന്റണി, കെ.കെ.ബഷീര്‍, കാത്തലിക് സിറിയന്‍ ബാങ്ക് ചീഫ് മാനേജര്‍ ആന്റണി തോപ്പയില്‍ എന്നിവരാണ് വേദിയില്‍ വിശിഷ്ടാതിഥികളായി ഉണ്ടായിരുന്നത്. അന്യദേശങ്ങളിലുള്ള വാര്‍ത്തകള്‍ മുന്‍കൂട്ടി പ്രവചിക്കുന്നത് ലോകത്തു തന്നെ ആദ്യത്തെ മാന്ത്രികവിദ്യയാണെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. മാന്ത്രികവിദ്യയില്‍ പുതുമ അവതരിപ്പിക്കുന്ന 'വിഷന്‍ ഇംപോസിബിള്‍' എന്ന പരിപാടിയുടെ ഭാഗമായാണ് വാര്‍ത്താ പ്രവചനം സംഘടിപ്പിക്കപ്പെട്ടത്.

മനോരമ (തിരുവനന്തപുരം എഡിഷന്‍) മാതൃഭൂമി (കൊച്ചി എഡിഷന്‍), ദേശാഭിമാനി (കോഴിക്കോട് എഡിഷന്‍), ടൈംസ് ഓഫ് ഇന്ത്യ (ഡല്‍ഹി എഡിഷന്‍), ഹിന്ദുസ്ഥാന്‍ ടൈംസ് (കൊല്‍ക്കത്ത എഡിഷന്‍), ടെലഗ്രാഫ് (കൊല്‍ക്കത്ത എഡിഷന്‍), ഹിന്ദു (ഹൈദരാബാദ് എഡിഷന്‍), ഇന്ത്യന്‍ എക്‌സ്​പ്രസ്സ് (മുംബൈ എഡിഷന്‍), ഡെക്കാണ്‍ ഹെറാള്‍ഡ് (ബാംഗ്ലൂര്‍), ഡെക്കാണ്‍ ക്രോണിക്കിള്‍ (ചെന്നൈ എഡിഷന്‍) എന്നീ പത്രങ്ങളില്‍ ഞായറാഴ്ച വരാനിരിക്കുന്ന പ്രധാനവാര്‍ത്തയാണ് ഗോപിനാഥ് മുതുകാട് പ്രവചിച്ചിരിക്കുന്നത്.

ഞായറാഴ്ചത്തെ പത്രങ്ങള്‍ വരുന്നതും ഒമ്പതര മണിയാകുന്നതും കാത്തിരിക്കുകയാണ് തങ്ങളെന്ന് വിശിഷ്ടാതിഥികള്‍ പറഞ്ഞു. മുതുകാടിന്റെ പ്രവചനങ്ങള്‍ ഫലിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നായിരിക്കും അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.