ജ്യോതി നിര്‍ത്തിക്കാന്‍ സുപ്രീം‌കോടതിയിലേക്ക്!

Webdunia
ഞായര്‍, 23 ജനുവരി 2011 (16:12 IST)
മകരജ്യോതിക്കെതിരെ ഇന്ത്യന്‍ യുക്തിവാദിസംഘം സുപ്രീംകോടതിയെ
സമീപിച്ചു. മകരജ്യോതിയെ ദിവ്യാത്ഭുതമായി അവതരിപ്പിച്ച്‌ ശബരിമലയില്‍ നടത്തുന്ന തട്ടിപ്പ്‌ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് യുക്തിവാദിസംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ യുക്‌തിവാദി സംഘം പ്രസിഡന്‍റ് സനല്‍ ഇടമറുകാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മകരജ്യോതി തടയാന്‍ സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ്‌ കേരള സര്‍ക്കാര്‍, കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌, കെ എസ് ഇ ബി, വനം വകുപ്പ്‌ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം.
തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര സംസ്‌ഥാന സര്‍ക്കാരുകളെയും എതിര്‍കക്ഷികളാക്കിയുള്ളതാണ്‌ ഹര്‍ജി. മതപരമായ ചടങ്ങിന്‍റെ നിറം നല്‍കി നടത്തുന്ന മകരജ്യോതി തട്ടിപ്പ്‌ അവസാനിപ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ കത്തിക്കുന്ന വിളക്ക്‌ ദിവ്യജ്യോതിയാണെന്നാണു ഭക്‌തര്‍ കരുതുന്നത്‌. എന്നാല്‍, പൊന്നമ്പലമേട്ടിലെ വിളക്ക്‌ ദിവ്യാത്ഭുതമല്ലെന്നു ജനങ്ങളെ ബോധവത്‌കരിക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കണമെന്നും അഡ്വ ദീപക്‌ പ്രകാശ്‌ മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.