ജ്യോതിയോ റസിയയോ? സംശയം തീരുന്നില്ല!

Webdunia
തിങ്കള്‍, 30 ജനുവരി 2012 (16:06 IST)
വേളാങ്കണ്ണി തീര്‍ത്ഥാ‍ടനത്തിനിടെ കാണാതായ ജ്യോതി(27) എന്ന യുവതിയെ തൃശൂരില്‍ കണ്ടെത്തി. തൃശൂര്‍ പൂങ്കുന്നത്തുള്ള ഹോസ്റ്റലില്‍ പേയിംഗ്‌ ഗസ്റ്റായി താമസിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ താന്‍ ജ്യോതിയല്ല എന്നാണ് ഇവര്‍ പറയുന്നത്. താന്‍ റസിയയാണെന്നും ഇവര്‍ വ്യക്തമാകുന്നു. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി.

2011 സെപ്റ്റംബര്‍ അഞ്ചിനാണ് ജ്യോതിയെ കാണാതാകുന്നത്. ഭര്‍ത്താവ്‌ എഡ്‌വിന്‍, മക്കള്‍ മെഡോണ(7), മെരീന(5), എഡ്‌വിന്‍റെ സുഹൃത്ത്‌ ജോണ്‍, ഭാര്യ സുജ എന്നിവര്‍ക്കൊപ്പമാണ് ജ്യോതി വേളാങ്കണ്ണിക്ക് പോയത്‌. യാത്രയ്ക്കിടെ ജ്യോതിയെ കാണാതാകുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

എന്തായാലും ജ്യോതിയുടെ കുടുംബം തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. തൃശൂരിലുള്ളത് ജ്യോതിയാണോ റസിയയാണോ എന്ന ആശയക്കുഴപ്പം ഉടന്‍ അവസാനിക്കുമെന്നാണ് അറിയുന്നത്.

പൂവാര്‍ എരിക്കലവിള വര്‍ഗീസിന്‍റെയും റീത്തയുടെയും മകളാണ് ജ്യോതി.