ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനാകും

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (11:34 IST)
PRO
കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തില്‍ ജോസഫ്‌ ഗ്രൂപ്പിന്റെ ലയനശേഷം പി ജെ ജോസഫിനെ പാര്‍ട്ടിയുടെ വര്‍ക്കിംഗ്‌ ചെയര്‍മാനാക്കാന്‍ ധാരണയായി. കെ എം മാണി പാര്‍ട്ടിയുടെ ചെയര്‍മാനാവും‍.

നിലവിലുള്ള പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിന് പുതിയ പദവി നല്‍കും. പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം കെ.എം.മാണിക്കുതന്നെ ആയിരിക്കും. ഇക്കാര്യത്തില്‍ ജോസഫ് ഗ്രൂപ്പുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും.

ഇതിനുപുറമെ പാര്‍ട്ടിയുടെ ഭാരവാഹിത്വം പങ്കുവെയ്ക്കുന്നത് സംബന്ധിച്ചും ഇരു വിഭാഗവും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലാ ഭാരവാഹിത്വമാണ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുക എന്നാണ് പ്രാഥമിക സൂചന.

അതേസമയം പി സി തോമസ് നേതൃത്വം നല്‍കുന്ന ലയനവിരുദ്ധരുടെ യോഗം കോട്ടയത്ത്‌ തുടങ്ങി. വി സുരേന്ദ്രന്‍ പിള്ളയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പി സി തോമസിനെ യോഗം ചെയര്‍മാനായി തെരഞ്ഞെടുക്കും. സുരേന്ദ്രന്‍ പിള്ളയെ മന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുമെന്നാണ് കരുതുന്നത്.