ജോര്‍ജിനു ചീമുട്ടയേറ്: അപലപനീയമെന്ന് മാണി, ഉമ്മന്‍‌ചാണ്ടിയുടെ കോലം കത്തിച്ചു

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2013 (08:14 IST)
PRO
ചീഫ് വിപ്പ് പി സി ജോ‌ര്‍ജിനുനേരെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം)​ പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ചതായി റിപ്പോര്‍ട്ട്. ഈ പ്രകടനത്തിനു നേരെയും ചീമുട്ടയേറ് നടന്നു.

സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജിനെതിരേ നടന്ന ആക്രമണം ന്യായീകരിക്കാനാകില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം). ജോര്‍ജ് പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ ആണെന്നും കയ്യേറ്റത്തെ ന്യായീകരിക്കാന്‍ ആകില്ലെന്നും സംഭവം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു.

ഇത്‌ മുന്നണിയുടെ ശൈലി അല്ല. പ്രശ്‌നങ്ങള്‍ കൂട്ടായ ശ്രമത്തിലൂടെ പരിഹരിക്കണം. കോണ്‍ഗ്രസില്‍ അനുരഞ്‌ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്‌.

തന്നെ ആക്രമിച്ചത്‌ കോണ്‍ഗ്രസ്‌ എ പ്രവര്‍ത്തകരാണെന്നും പൊലീസിന്റെ സഹായത്തോടെ നടന്ന അക്രമം ചെയ്യിക്കുന്നത്‌ സര്‍ക്കാരാണെന്നും പിസി ജോര്‍ജ്‌ ആരോപിച്ചു. അക്രമികള്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘവും ഉണ്ടായിരുന്നെന്നും ആരു പ്രതിഷേധം ഉയര്‍ത്തിയാലും താന്‍ മുന്നോട്ടു പോകുമെന്നും പിസി ജോര്‍ജ്‌ വ്യക്‌തമാക്കി.